English| മലയാളം

ആമുഖം

കോട്ടയം ജില്ലയില്‍ കോട്ടയം താലൂക്കിലാണ് കോട്ടയം നഗരസഭ സ്ഥിതി ചെയ്യുന്നത്. കോട്ടയം വില്ലേജിലായി വ്യാപിച്ചുകിടക്കുന്ന കോട്ടയം നഗരസഭയ്ക്ക് 55.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.വടക്കുഭാഗത്ത് അതിരമ്പുഴ, ഏറ്റുമാനൂര്‍ എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനച്ചിക്കാട്, പുതുപ്പള്ളി, വിജയപുരം, അയര്‍കുന്നം എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറിച്ചി, നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കാവാലം എന്നീ പഞ്ചായത്തുകളുമാണ് കോട്ടയം നഗരസഭാ പ്രദേശത്തിന്റെ അതിരുകള്‍.കോട്ടയം നഗരപ്രദേശത്തിന്റെ ഭൂപ്രകൃതിയെ ഉയര്‍ന്ന മധ്യസമതലം, താഴ്ന്ന പ്രദേശം എന്നിങ്ങനെ തരം തിരിക്കാവുന്നതാണ്. താഴ്ന്ന പ്രദേശങ്ങളില്‍ ഊറല്‍ ചെളി, എക്കല്‍മണ്ണ്, എന്നിവയും മധ്യസമതല പ്രദേശങ്ങളില്‍ ചെങ്കല്‍ മണ്ണും കാണപ്പെടുന്നു.വയല്‍പ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ചെറിയ തോതില്‍ ഉയര്‍‌ന്നൊരു കുന്നിന്‍മുകളിലാണ് കോട്ടയം നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 7.1 മീറ്റര്‍ ഉയരത്തിലാണ് കോട്ടയം നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. സമശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമാണിത്. നഗരത്തിന്റെ കിഴക്കുഭാഗങ്ങളില്‍ ചെങ്കല്ലു കലര്‍ന്നതും, പടിഞ്ഞാറുഭാഗങ്ങളില്‍ മണല്‍ കലര്‍ന്ന കളിമണ്ണിന്റെ അംശമുള്ളതും അമ്ലത്വം കുറഞ്ഞതുമായ മണ്ണിനങ്ങളാണ് പൊതുവേ കാണപ്പെടുന്നത്.നഗരപ്രദേശത്തിന്റെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങള്‍ താഴ്ന്ന സമതലപ്രദേശങ്ങളും, മധ്യഭാഗം ഉയര്‍ന്ന സമതലവുമാണ്. സമുദ്രനിരപ്പില്‍ നിന്ന് വളരെയൊന്നും ഉയരത്തിലല്ലാതെയാണ് ഈ പ്രദേശത്തിന്റെ കിടപ്പ്.തെക്കൂംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നതിനാല്‍ ആദ്യകാലത്ത് കോട്ടയ്ക്കകം എന്നും പിന്നീട് ഉച്ചാരണഭേദം വന്ന് കോട്ടയം എന്നും ഈ പ്രദേശം വിളിക്കപ്പെട്ടു.ബ്രിട്ടീഷ് ഭരണകാലത്ത് 1882 മെയ് 18-ന് അവതരിപ്പിച്ച ഒരു പ്രമേയത്തിലൂടെ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിച്ചതിന്റെ ഭാഗമായി കോട്ടയം ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി നിലവില്‍ വന്നു.ആദ്യകാലത്ത് ഉദ്യോഗസ്ഥ ഭരണത്തിന്‍ കീഴില്‍ മുന്നോട്ടു നീങ്ങിയ ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി,1919-ല്‍ ഒരു അനൌദ്യോഗിക പ്രസിഡന്റിന്റെ ഭരണത്തിന്‍ കീഴിലായി.പി.ടി.തോമസായിരുന്നു കോട്ടയത്തിന്റെ ആദ്യ അനൌദ്യോഗിക പ്രസിഡന്റ്.

 

 പൊതുവിവരങ്ങള്‍

 

ജില്ല                                           : കോട്ടയം 
വിസ്തീര്‍ണ്ണം                                 : 55.4 ച.കി.മി
കോഡ്                                       : M050400
വാര്‍ഡുകളുടെ എണ്ണം                   : 52
ജനസംഖ്യ                                  : 60725
പുരുഷന്മാര്‍‍                                : 29883
സ്ത്രീകള്‍‍                                      : 30842
ജനസാന്ദ്രത                               : 4061
സ്ത്രീ : പുരുഷ അനുപാതം              : 1011
മൊത്തം സാക്ഷരത                    : 96
സാക്ഷരത (പുരുഷന്മാര്‍ )             : 98
സാക്ഷരത (സ്ത്രീകള്‍ )                   : 95
Source : Census data 2001